Sunday, December 18, 2011

പര്‍വത വര്‍ണങ്ങളിലെ ജീവിതം

 (കളേഴ്‌സ് ഓഫ് ദ മൗണ്ടന്‍  )
ഒരു കാല്‍പന്തിനു എന്ത് നിയോഗമാനുള്ളത്?
നിശ്ചലമായിരിക്കുക എന്നത് പന്തിന്റെ ധര്‍മമല്ല. നിശ്ചലത മരണമാണ്.
ചടുലചലനങ്ങളുടെ   കുതിപ്പിനുള്ളിലെ വെട്ടിത്തിരിയലുകളും ഒഴിഞ്ഞു നീങ്ങലുകളും ഗതിവിഗതികളും കൊണ്ട് അപ്രതീക്ഷിതവും ആവേശകരവുമായ സാന്നിധ്യമായി കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കേണ്ട ഒരു പന്താണ് നിശ്ചലത കൊണ്ട് ഈ സിനിമയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
കൂട്ടായ്മയുണ്ടാക്കുന്ന വര്‍ണങ്ങളിലാണ് പന്തിന്റെ വേഗജാതകം എഴുതപ്പെട്ടിരിക്കുന്നത്.
                            ഗോള്‍മുഖം ഉന്നം വെച്ച്  പറന്നു വരുന്ന പന്തിനെ  കയ്യിലൊതുക്കുക -അത് ആഹ്ലാദവും അഭിമാനവും ആണ് ഒരു ഗോള്‍ കീപ്പര്‍ക്ക് . നല്ല ഒരു ഗോള്‍ കീപ്പര്‍ ആകാന്‍ ആഗ്രഹിക്കുന്ന മാനുവല്‍ എന്ന ഒമ്പത് വയസ്സുകാരന്‍ വീട്ടില്‍ നിന്ന് പന്തുമായി പുറത്തേക്ക് വരുന്ന കാഴ്ചയോടെ കളേഴ്സ് ഓഫ് ദി മൌണ്ടന്‍ ആരംഭിക്കുന്നു. പര്‍വതം ദാനം നല്‍കിയ ഹരിത സമൃദ്ധിയില്‍ കൊളംബിയയിലെ ഗ്രാമം പുലരിയിലേക്ക് ഉണരുകയാണ് . പച്ച ഇരു വശത്തും ഒതുങ്ങിക്കൊടുത്ത നടപ്പാതയിലൂടെ മാനുവല്‍ മുന്നോട്ടു. നെഞ്ചോട്‌ ചേര്‍ത്ത്   കാല്‍പ്പന്ത്. കളിക്കളത്തിലേക്ക് കൂട്ടുകാരെ കൂട്ടിക്കൊണ്ടു പോകേണ്ട  കുശലം കുട്ടികള്‍ക്കറിയാം .ഹൂലിയന്റെ വീട്ടില്‍ നിന്നും വിലക്കുകളുടെ വേലി ചാടി അവര്‍ പോകുന്നു. അച്ഛന്‍ ,ഹോം വര്‍ക്ക് ഇതൊക്കെയാണല്ലോ കുട്ടികള്‍ നേരിടുന്ന ഭീഷണി. ഇത്തരം ഭീഷണികള്‍ക്കിടയിലൂടെ ഒരു പന്ത് വെട്ടിച്ചുരുണ്ട് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്‌ പോലെ കുട്ടികള്‍ . കളിക്കളത്തില്‍ കുട്ടികളുടെ ഉത്സവം ഗ്രാമത്തിന്റെ നിഷ്കളങ്കമായ സന്തോഷത്തെ അനാവരണം ചെയ്യുകയാണ്. 
ഈ ദൃശ്യം വിട്ടു സംവിധായകന്‍ മാന്വലിന്റെ വീട്ടിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു
ഏനെസ്റ്റോ മകനുമൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങള്‍ . അച്ഛന്‍ പശുവിനെ കറക്കുവാനുള്ള ഒരുക്കത്തിലാണ്. കൂടെ സഹായിക്കാന്‍ മാനുവലും. "പശുവിന്റെ പള്ള ഇന്ന് നിറഞ്ഞിട്ടുണ്ട്‌"-അച്ഛന്‍ ." ഈ കിടാവിനു ഞാന്‍ പേരിടും"-മകന്‍ ..ഇങ്ങനെ കൊച്ചു കൊച്ചു വര്‍തമാനങ്ങളിലൂടെ ഗ്രാമീണ കര്‍ഷക   കുടുംബത്തിലെ സൌമ്യവും സ്നേഹോഷ്മളവുമായ  ജീവിതം പകര്‍ത്തുമ്പോള്‍ മറ്റൊരു ഒരു ഗ്രാമവിശുദ്ധിയെ കൂടി പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ ചെയ്യുന്നത്. ഇപ്പോള്‍ രണ്ടു കാര്യങ്ങള്‍ കൊണ്ട് ഗ്രാമം എന്താണെന്ന് നിര്‍വചിച്ചു കഴിഞ്ഞു. പറയാതെ പറഞ്ഞ ഒരു സംഗതി കൂടി  ഉണ്ട്. അത് മനോഹരമായ പ്രകൃതിയാണ്. പര്‍വതത്തിന്റെ മടക്കുകളും  താഴ്വാരവും ഉയരങ്ങളുടെ ഉയരവും  വെളിച്ചത്തിന്റെ രൂപ ഭാവങ്ങളും മാമരങ്ങളും വാനവും മത്സരിച്ചു വിരിയിക്കുന്ന നിറങ്ങളും..

വെട്ടി മുറിച്ച പോലെ മകനും അച്ഛനും തമ്മിലുള്ള കുശലം പറച്ചിലുകള്‍ നിലക്കുക!. മകന്റെ വര്‍ത്തമാനം തടഞ്ഞു വായ്‌ പൊത്തുക. ഇതൊരിക്കലും ഒരു കുട്ടിക്ക് മനസ്സിലാകില്ല. എങ്കിലും അത് സംഭവിക്കുന്നു. അച്ഛന്റെ ഭയം മാനുവല്‍ കാണുന്നു. വര്‍ത്തമാനം വീണ്ടെടുക്കാനുള്ള അവന്റെ ശ്രമം അച്ഛന്റെ കരുതല്‍ കാരണം വിജയിക്കുന്നില്ല. നോവ്‌ അനുഭവിക്കുന്ന മാനുവല്‍ .(ഈ രംഗം എത്ര ലളിതമനോഹരം). ഗ്രാമം ഭീതിയുടെ സാന്നിധ്യം അറിയുന്നു. രണ്ടു തടികളുടെ ഇടയിലൂടെ അച്ഛനും മകനും ഒളിഞ്ഞു നോക്കുന്നു . ഗറില്ലകള്‍ അയാളെ അന്വേഷിച്ചു വീട്ടില്‍ വന്നിരിക്കുന്നു. കൂട്ടത്തില്‍ ചേര്‍ക്കാന്‍ . മിറിയ അവരോടു കള്ളം പറയുന്നു. അമ്മ കള്ളം പറയുന്നതും കുട്ടി കേള്‍ക്കുന്നു. ഇപ്പോഴും എവിടെയും നിലനില്‍പ്പിന്റെ  ദുരന്തമാണ് നിഷ്കളങ്കരായവരെ കൊണ്ട് കള്ളം പറയിക്കുന്നത്. അവര്‍ ആ അവസ്ഥയില്‍ നിന്നും മോചിതരാകാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അവരുടെ സത്ത ഉയര്‍ത്തിപ്പിടിക്കുന്നത് . രാഷ്ട്രീയ /മത ഭീകര വാദികളും തീവ്ര വാദികളും ഉള്ള ഏതു പ്രദേശത്തും അധിവസിക്കുന്ന ജനതയുടെ സ്വതന്ത്രമായ ജീവിതതാളം മരണഭയം  ഇഴഞ്ഞെത്തി ചുറ്റി വരിഞ്ഞു  കൊണ്ട് വിഷലിപ്തമാക്കുന്നു.  സമകാലീന സാര്‍വദേശീയ  പ്രവണതയെ ലളിതമായി കയ്യൊതുക്കത്തോടെ സിനിമ ചര്‍ച്ച ചെയ്യുന്നു.


സിനിമ കാവ്യാത്മകം   ആകുക എന്നാല്‍ ദൃശ്യങ്ങളുടെ ബാഹ്യസൌന്ദര്യം നിറയ്ക്കുക എന്നല്ല . വ്യാഖ്യാനങ്ങള്‍ക്കും ചിന്തയ്ക്കും ഇടം നല്‍കുന്ന ആഴമുള്ള ദൃശ്യങ്ങളും സംഭവങ്ങളും കൊണ്ട് അനുഭവത്തിന്റെ സമൃദ്ധി ഒരുക്കുക എന്നതാണ് എങ്കില്‍ ഈ സിനിമ കാവ്യാത്മകം തന്നെ . ഒരേ സമയം പല പാഠങ്ങള്‍ തുറന്നിടുന്നത് കൊണ്ട് വ്യത്യസ്ത മാനങ്ങളില്‍ കാണാന്‍ കഴിയും . അഭിരുചികളുടെ വിഭിന്നതകളെ തൃപ്തിപ്പെടുത്തുകയും ചെയ്യും. സംവിധായകന്റെ  കലാ സൂക്ഷ്മതയുടെ വിജയം എന്ന് വിളിക്കാവുന്ന ഒരു സിനിമയാണിത്.
ഗറില്ലകള്‍ ഉള്ളിടങ്ങളില്‍ സായുധ സേനയും ഉണ്ടായിരിക്കണം എന്നതാണ് ആധുനിക ഭരണ കൂടസങ്കല്‍പ്പം. വിമോചനവും സംരക്ഷണവും എതിര്‍ വാക്കുകളാകുന്ന സാമൂഹിക പ്രതിസന്ധി .
ഇരു കൂട്ടരും ജനത്തെ സംരക്ഷിക്കാന്‍ വേണ്ടി  സംശയിക്കുന്നു.!? 
ആരും ഒറ്റുകാരനോ   രാജ്യ ദ്രോഹിയോ   ആയി മുദ്രകുത്തപ്പെടാം. ആയുധത്തിന്റെ നിഴല്‍ തണലാക്കി വിശ്രമം കൊള്ളാന്‍ ആര്‍ക്കാണ് കഴിയുക?. ഗ്രാമീണ   ജനതയുടെ സംഘര്‍ഷങ്ങള്‍ അതാണ് തുടര്‍ന്ന് നാം കാണുന്നത്. ഹൂലിയന്റെ അച്ഛന്‍ -അയാള്‍ അനുഭവിക്കുന്ന ഭീതി. ഒടുവില്‍ രക്ഷപെടാനുള്ള അവസാന യത്നത്തിനിടയില്‍ വളയപ്പെട്ടു.ശരീരം തിരിച്ചു വരുന്നത് പ്രിയപ്പെട്ട കുതിരയുടെ മേലെ കിടത്തി വെട്ടി നുറുക്കപ്പെട്ട അവസ്ഥയില്‍ .ഹൂലിയന്റെ സഹോദരനാകട്ടെ പര്‍വതനിരകളിലെ ഒളിത്താവളങ്ങളില്‍ വെടിയുണ്ടകളുടെ സമുദ്രത്തിലേക്ക് കപ്പല്‍ ഇറക്കാന്‍ പോയി.
മിറിയ വരുമ്പോള്‍ നാടോഴിഞ്ഞു പോകുന്നവരെ കാണുന്നു. പിറന്ന നാട്ടില്‍ നിന്നും ജീവനും കൊണ്ട് പോകേണ്ടി വരുന്ന ആ കാഴ്ച അവളെയും ചിന്തിപ്പിക്കുന്നു. എന്നാല്‍ എണസ്റ്റോ  സമ്മതിക്കുന്നില്ല.
ഈ സംഭവങ്ങളുടെയെല്ലാം സാക്ഷികളാണ് കുട്ടികള്‍ . അവരുടെ കണ്ണിലൂടെയാണ് ഗ്രാമത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങള്‍ പറയുന്നത്.
ഒരു ദിനം പിടിവിട്ടു കുതിച്ചു പാഞ്ഞ ഒരു വളര്‍ത്തു പന്നി പുല്തടത്തില്‍  വെച്ച് പൊട്ടിത്തെറിച്ചുയരുന്നു. മൈന്‍ വിതറിയിരിക്കുകയാണ്. ജന്മദിന സമ്മാനമായി കിട്ടിയ മാന്വലിന്റെ കാല്‍പ്പന്തു ആ സ്ഥലത്തേക്ക് ഉരുണ്ടുപോയി നിശ്ചലമാകുംപോള്‍ കുട്ടികള്‍ സ്തബ്ദരാകുന്നു. മരണത്തിന്റെ ഗോള്‍ മുഖത്താണ് ഇപ്പോള്‍ തങ്ങളുടെ പന്ത്., കളിക്കളത്തില്‍ നിന്നും പന്തു സാമൂഹിക രാഷ്ട്രീയ മാനമുള്ള   ഒരിടത്തേക്ക് സ്ഥാനം പിടിക്കുമ്പോള്‍ പന്തിന്റെ മാനം മാറുന്നു. പന്തിന്റെ അതിദാരുണമായ ഈ അവസ്ഥയാണ് ആ ജനതയുടെ അവസ്ഥയും. ജീവിതത്തിന്റെ അര്‍ഥം മറ്റാരോ ആണ് നിര്‍ണയിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നു.
ഇനി സ്കൂള്‍ വിശേഷങ്ങളിലേക്ക് വരാം 
സ്കൂളില്‍ പുതിയ ഒരു ടീച്ചര്‍ വരുന്നു.
ചെറുപ്പക്കാരി. 
ഹാജര്‍ വിളിയോടെ ക്ലാസ് ആരഭിക്കുകയാണ്. പിന്നീട് ഹാജര്‍ ബുക്കില്‍ നിന്നും പല പേരുകള്‍ ടീച്ചര്‍ക്ക് വെട്ടി മാറ്റേണ്ടി വരുന്നു. ഹൂലിയനും അങ്ങനെ പോയി. നടുക്കുന്ന ഭീതിയുടെ സംസാരിക്കുന്ന രേഖയായി ഒരു നാട്ടിലെ സ്കൂള്‍ ഹാജര്‍ ബുക്ക് മാറുകയാണ്. അല്ലെങ്കിലും ജീവിതത്തില്‍  നിന്നുള്ള പേര് വെട്ടല്‍ സംഘര്‍ഷ ഭൂമികളില്‍ കൂടും. കുട്ടികളുടെ പേര് വെട്ടേണ്ടി വരുന്ന അധ്യാപികയുടെ മനസ്സാലോചിക്കാം. ബഞ്ചുകള്‍ ശൂന്യമാകുംപോള്‍ സഹപാഠികള്‍ അനുഭവിക്കുന്ന നിശബ്ദതയുടെ അര്‍ത്ഥവും .
ടീച്ചര്‍ മാന്വലിന്റെ കഴിവുകള്‍ കണ്ടെത്തി. പന്ത് കളിയില്‍ മാത്രമല്ല ചിത്രം വരയിലും അവന്‍ സമര്‍ത്ഥന്‍ . പര്‍വതങ്ങളുടെ നിറങ്ങള്‍ അവന്റെ ബുക്കില്‍ വിരിയുമ്പോള്‍  കണക്കു ചെയ്യാന്‍ ടീച്ചര്‍ നിര്‍ബന്ധിക്കുന്നുവെങ്കിലും ഒരു പായ്കറ്റ് കളര്‍  നല്‍കി അവനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഒരു ദിവസം സ്കൂളിന്റെ ഭിത്തിയില്‍   ഗറില്ലകള്‍ എഴുതിയ   മുദ്രാവാക്യങ്ങള്‍ ."സായുധരാകുക. വിജയം അല്ലെങ്കില്‍ മരണം " ഈ ആഹ്വാനം സ്കൂളില്‍  നല്‍കുന്ന പാഠം എന്താണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കുട്ടികളെ സ്നേഹിക്കുന്ന ടീച്ചര്‍ ആ  ഭിത്തിയില്‍ അവരുടെ ഗ്രാമത്തിന്റെ ചിത്രം വരയ്ക്കാന്‍ തീരുമാനിക്കുന്നു. ആദ്യം കുട്ടികള്‍ കൂടാന്‍ മടിച്ചു. അധ്യാപിക വെള്ളയടിച്ചു തുടങ്ങിയപ്പോള്‍ ഒപ്പം കൂടാതിരിക്കാന്‍ കുട്ടികള്‍ക്ക് ആയില്ല . മാന്വലിന്റെ മേല്‍നോട്ടത്തില്‍ പര്‍വത പശ്ചാത്തലത്തില്‍ അവരുടെ സ്കൂളിന്റെ ചിത്രം .പര്‍വതത്തിന്റെ വര്‍ണങ്ങള്‍ കൊണ്ട് ഗറില്ലകളുടെ ആഹ്വാനത്തെ മായ്ച്ചു .
തീവ്രവാദത്തിന് പകരം കുട്ടികള്‍ വര്‍ണങ്ങളുടെ ലോകം സൃഷ്ടിക്കുകയാണ്. പ്രതിരോധം കൂടിയാണ് ഇതെന്ന് പറയാം. എല്ലാ കുട്ടികളുടെയും കൂട്ടായ്മയിലാല്ലോ ഒരു മുദ്രാവാക്യം മാഞ്ഞു പോയത്. അതിനു കൊടുത്ത വില വലുതായിരുന്നു.സ്കൂള്‍ അസമയത്ത് അവസാനിപ്പിച്ചു  അധ്യാപികയ്ക്ക് നാട് വിടേണ്ടി വന്നു. അവരുടെ പേരും കാലം വെട്ടി മാറ്റി. മാന്വല്‍ അവരെ പിന്നില്‍ നിന്നും വിളിക്കുന്നുവെങ്കിലും കേള്‍ക്കുന്നില്ല . ഒരു വിളി .. അത് എങ്ങും എത്താതെ അലഞ്ഞു തിരിയുകയാണ്

ആ  പന്ത് ഇപ്പോഴും അവിടെ കിടക്കുയാണ്. മൈന്‍ വിതറിയ , മരണത്തിന്റെ വാഗ്ദാനമുള്ള തടത്തില്‍ പാറയുടെയും മരത്തിന്റെയും ചുവട്ടില്‍ . അത് ഉപേക്ഷിക്കാം. അങ്ങനെ അങ്ങ് തോറ്റു  കൊടുത്താലോ .. കുട്ടികള്‍ സാഹസികമായ ഇടപെടല്‍ നടത്തുന്നു. ഹൂലിയനും പോക്ക ലൂസും മാനുവലും .ആരും കാണാതെ  പ്രതിസന്ധിയില്‍ അകപ്പെട്ട പന്തിന്റെ അടുത്തെത്താന്‍ നോക്കുന്നു. നായെ വിട്ടൊരു പരീക്ഷണം.അത് പൊളിഞ്ഞു പിന്നെ    അടുത്ത ശ്രമം. നീളമുള്ള ഒരു കമ്പ് കൊണ്ട് എടുക്കാന്‍ പദ്ധതി. ഒരു കയര്‍ മരത്തിന്റെ ശാഖയില്‍ കോര്‍ത്തിട്ടു ലൂസ്  -അവനാണ് മൂവരില്‍ ചെറുത്‌- ഞാന്നിറങ്ങുന്നു . കൊമ്പൊടിയുകയും ലൂസിന്റെ കണ്ണട പോവുകയും ഒന്നും കാണാന്‍ കഴിയാതെ നിലവിളിക്കുകയും ..ഒരു വിധം രക്ഷപെട്ടു എന്ന് പറഞ്ഞാല്‍  മതി പന്തു നിസഹായതയോടെ അവിടെ തന്നെ കിടന്നു.
ഉണക്കാനിട്ട തുണി എടുക്കാന്‍ മിറിയ രാത്രിയില്‍ ടോര്‍ച്ചു നല്‍കി മാന്വലിനെ അയക്കുന്നു. മുറ്റത്തിങ്ങിയപ്പോള്‍ ആകാശം ശബ്ദവും വെളിച്ചവും കൊണ്ട് ഭയാനകം ആയി. സായുധ സേനയുടെ രാത്രി നിരീക്ഷണം. ബോംബോ  വെടിയുണ്ടകളോ  പെയ്യാം .അതി  ശക്തമായ  വെളിച്ചം  കൊണ്ട് പരതി  പരതി ആകാശത്ത് കൂടി ഹെലികോപ്ടര്‍ നീങ്ങുമ്പോള്‍ മാനുവല്‍ തന്റെ ടോര്‍ച്ചു ആകാശത്തേക്ക്  അടിക്കുന്നു. രാത്രിയില്‍ ആകാശത്തേക്ക് വെളിച്ചം കൊണ്ടുള്ള ഒരു കുഞ്ഞു മറുപടിയാണിത്. പ്രത്യക്ഷത്തില്‍ കുട്ടികളുടെ സഹജമായ കുസൃതി എന്ന് തോന്നാമെങ്കിലും ജനതയുടെ നേരെയുള്ള ഇടപെടലുകള്‍ക്കെതിരെ മാന്ന്വല്‍ നിലകൊള്ളുന്നുണ്ട് .
ഒരു ദിവസം   മാനുവല്‍ വീട്ടില്‍ എത്തുമ്പോള്‍ ആകെ ഒരു പന്തികേട്‌. പശുവിന്റെ കാല്‍ച്ചുവട്ടില്‍ പാല്‍ പാത്രം മറിഞ്ഞു കിടക്കുന്നു . വീടാകെ അലംകോലപ്പെട്ടു   കിടക്കുന്നു. അച്ഛന്റെ തൊപ്പി അവിടെ ?! അച്ഛന്‍ എവിടെ? "അച്ഛന്‍ വരും" അതായിരുന്നു മിരിയയുടെ മറുപടി . അവര്‍ രണ്ടു പേരും വീടുപേക്ഷിച്ച് പോകാന്‍ തീരുമാനിക്കുന്നു. അത്യാവശ്യം വേണ്ടതെല്ലാം എടുക്കണം.  വിലപിടിപ്പുള്ള ഒന്നും ഉപേക്ഷിച്ചു  പോകാന്‍ മനസ്സ് വരില്ല .
തന്റെ പന്ത്? മാനുവല്‍ അമ്മ കാണാതെ ഒരു കയറുമായി പോകുന്നു. ചെറുകല്ലുകള്‍ പോക്കറ്റില്‍ . അവന്‍ കയറില്‍ തൂങ്ങി  താഴ്ന്നിറങ്ങി. ഓരോ കല്ലും  പോക്കറ്റില്‍ നിന്നെടുത്തു അടുത്ത ചുവടു വെക്കെണ്ടിടത്തെക്ക് ഏറിയും . മൈന്‍ ഉണ്ടെങ്കില്‍ പൊട്ടുമല്ലോ . അങ്ങനെ സശ്രദ്ധം കാലുറപ്പിച്ചു അവന്‍ പന്ത് കരസ്ഥമാക്കുന്നു. അപ്പോള്‍ ലൂസിന്റെ കണ്ണട അതാ.. അതും എടുക്കുന്നു.
പന്ത് ചലനത്തിന്റെയും  കണ്ണട കാഴ്ചയുടെയും  .നഷ്ടപ്പെടുന്നത് തിരിചെടുക്കുകയാണ് മാനുവല്‍ .
വീട് പൂട്ടി പുറത്തിറങ്ങുമ്പോള്‍ ഗേറ്റിനു പുറത്ത് നിന്നും വീട്ടിലേക്കുള്ള   നോട്ടം  ക്യാമറയുടെ മന്ദനീക്കം കൊണ്ട് സാന്ദ്രമാക്കി . ഒഴിഞ്ഞു പോകുന്നവരുടെ വണ്ടിയില്‍ മാനുവല്‍ കയറുമ്പോഴും അവന്റെ കയ്യില്‍ ആ പന്തുണ്ട് .എതിരെ ഇരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ഒരു കളിപ്പാവയും.
ഇടം നഷട്പ്പെടുന്നവരുടെ ജീവിത സങ്കീര്‍ണതകളെ  ഒരു കുട്ടിയെ കേന്ദ്ര സ്ഥാനത്ത് നിറുത്തി മുത്തശികഥയുടെ ലാളിത്യത്തോടെ എന്നാല്‍ സിനിമയുടെ സാധ്യതകളെ ബലികൊടുക്കാതെ കോര്‍ത്ത്‌ ഇണക്കിയിരിക്കുന്നു സംവിധായകന്‍ കാര്‍ലോസ് സെസാര്‍ അര്‍ബലെസ്.
വര്‍ണങ്ങളുടെ പര്‍വതം കുട്ടികളുടെ കളികളും സ്കൂളും അധ്യാപകരും അച്ചന്മാരും ഇല്ലാത്ത നിറം കെട്ട ഒരു ലോകം ആയി മാറുന്നത് എങ്ങനെ ആണ് ? ഇങ്ങനെ ..

 

4 comments:

malayali said...

സമ്തോഷം നന്ദി....

Unknown said...

awesome !

praneshwar said...

T P സാര്‍ , ഈ ബ്ലോഗ്‌ലൂടെയാണ് ഞാന്‍ ഈ സിനിമയെ കുറിച്ച് അറിയുന്നത് . സിനിമ കണ്ടു , ഒരു മനോഹര സിനിമതന്നെഎന്നു പറയാതെ വയ്യ . ഒരുപക്ഷെ വായന ആദ്യം നടന്നു എന്നതിനാലാവാം , എനിക്ക് നിരൂപണം നല്‍കിയ ഒരു വൈകാരിക അവസ്ഥയുണ്ട് , തുറന്നു സമ്മതിക്കുന്നു , അത് അനുഭൂതി തന്നെ യായിരുന്നു . അതിലേക്കു എത്ത്തിചെരുന്നതില്‍ എന്തോ പറ്റിയില്ല . വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആദ്യമായി " നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ ' വായിച്ചിരുന്നു , പിന്നീട ഒരു വര്‍ഷത്തിനു ശേഷം ആ സിനിമ കണ്ടപോഴും എനിക്ക് ഏതാണ്ട് ഇതുപോലെ ഒരു മാനികാവസ്ഥ ഉണ്ടായത ഞാന്‍ ഓര്‍ക്കുന്നു
ലോകസിനിമയിലെ ഉദാത്തമായ സൃഷ്ടി കളെ മലയാളത്തിന്റെ അക്ഷരങ്ങള്‍ കൊണ്ട് വരമൊഴിയുടെ കാവ്യാനുഭവത്തിലേക്ക് പകര്‍ത്താന്‍ ഇനിയ്മിനിയും സാധിക്കട്ടെ .ആശംസകള്‍ .......!

drkaladharantp said...

ഒന്നു കൂടി കാണൂ.ഓരോ തവണയും പുതിയ കാഴ്തകിട്ടും.ഓരോ ഷോട്ടും തുക്കിനോക്കിക്കാണണേ