Saturday, November 26, 2011

ഓഫ് സൈഡ്‌ (അരുതുകളുടെ അതിരുകള്‍ ഭേദിക്കാന്‍ ഒരു സിനിമ)


 

പെണ്‍ ജാതി എന്ന് പറഞ്ഞാല്‍ എന്താണ് ?  
കാഴ്ച വിലക്കിയ കണ്ണുകളാണോ ? മറക്കുടയും പര്‍ദയും കൊണ്ട് വെളിച്ചം അടഞ്ഞ ലോകമാണോ? 
പൊതു ഇടങ്ങളില്‍ ചുണ്ടുകള്‍ അടച്ചു ഒട്ടിച്ച  സ്റ്റിക്കറാണോ   ? 
പുരുഷന്  ഒപ്പം യാത്രചെയ്താല്‍ പൊട്ടിപ്പോകുന്ന സ്ഫടിക പാത്രമാണോ? 
എല്ലാവര്‍ക്കും തട്ടിക്കളികാനുള്ള ഒരു പന്ത് ? മാലിന്യങ്ങള്‍  നീക്കാനും   നിക്ഷേപിക്കാനും നിയോഗിച്ച മുന്‍സിപ്പാലിറ്റിയുടെ വാഹനമോ?   
മാനം കണ്ടാല്‍ മാനം പോകും മഴപ്പീലിയോ ?
അമ്മപ്പദവി , പെങ്ങള്‍പ്പദവി ഇതിനൊക്കെ അപ്പുറം പെണ്‍പദവി അവകാശമാകുന്ന ഒരിടം അവള്‍ക്കു ഉണ്ടോ?
മതമൌലിക വാദികള്‍ എന്നാല്‍ സ്ത്രീ വിരുദ്ധര്‍  എന്ന ആശയവും അര്‍ഥം നേടിയത് എങ്ങനെയാണ് ?
നിയമപാലകര്‍ , ജനാധിപത്യം ,അവസരം ,പങ്കാളിത്തം ഒക്കെ നല്ല വാക്കുകള്‍
പ്രയോഗത്തില്‍ മുള്ളും മുനയും ദംഷ്ട്രകളും
പെണ്‍ ജാതിയുടെ പ്രശ്നങ്ങള്‍ ലോകത്തെവിടെയും സമാനം ആണെങ്കിലും അടഞ്ഞ സമൂഹങ്ങളില്‍ അത് തീവ്രമാണ്
ഈ രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്നത് ഇറാനിലാണെങ്കിലോ ? ഊഹിക്കാവുന്നതെയുള്ളു .അത് അവിടെ വെളിച്ചം കാണില്ല
 ഓഫ് സൈഡ്‌ എന്ന സിനിമയിലൂടെ ജാഫര്‍ പനാഹി എല്ലാ കാലങ്ങളിലെയും സ്ത്രീ  വിരുദ്ധരെ ആക്രമിക്കുകയാണ്. അല്ലെങ്കില്‍ പെണ്‍ പക്ഷത്ത് കലാപക്കൊടിയുമായി നില്‍ക്കുകയാണ് . സിനിമയുടെ എല്ലാ സൌന്ദര്യവും നിലനിറുത്തി ക്യാമറയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് ലളിതമായി വിട്ടു വീഴ്ചയോട്ടും ഇല്ലാതെ  അരുതുകളുടെ അതിരുകള്‍  ഭേദിക്കാന്‍ സിനിമ ശ്രമിക്കുന്നു.
രാജ്യം മുഴുവന്‍ ദേശ സ്നേഹത്തില്‍   ജ്വലിച്ചു പോകുന്ന ഒരു സ്പോട്സ് മത്സരത്തില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന വിഭാഗത്തിന്റെ കൂടെ നമ്മെ പിടിച്ചു വെക്കുകയാണ് പനാഹി.
കളി കാണാന്‍ പുരുഷ വേഷം ധരിച്ചും വിലക്കുകള്‍ മറികടന്നും ഒളിച്ചും ഒക്കെ ശ്രമിച്ചെങ്കിലും പരാജിതരായിപ്പോയ യുവതികള്‍ . അവരെ നിയമ പാലകര്‍ പന്ത് കളിയുടെ ചെവി വട്ടത്തു തടഞ്ഞു വെക്കുന്നു. അപ്പുറത്ത് ആരവം ആവേശം. അതി വേഗതയുടെ മുന്നേറ്റങ്ങള്‍ .തീരത്ത് നിന്ന് കടലിരമ്പം കേള്‍ക്കാം .കടല്‍ കാണാന്‍ അനുവാദമില്ല എന്ന പോലെ ഒരു അവസ്ഥ. 
പനാഹി കാഴ്ച്ചക്കാരെയും അതെ തടവില്‍ ഇടുന്നു. ഒരിക്കല്‍ പോലും ആ മത്സരം കാട്ടിത്തരുന്നില്ല.
വിലങ്ങു വെച്ച  ആഗ്രഹത്തെ അനുഭവിപ്പിക്കുകയാണ്‌ സംവിധായകന്‍ . ഇത് വെള്ളം ചേര്‍ക്കാത്ത സിനിമയാണ് എന്ന് എപ്പോഴും ഓര്‍മിപ്പിച്ചു കൊണ്ടാണ് പനാഹിയുടെ കളി.
അവസരം നിഷേധിചപ്പോഴും  അഭിമാനം വെടിയാനോ ശബ്ദം താഴ്താണോ ആ യുവതികള്‍ തയ്യാറാകുന്നില്ല
ആണ്‍ വേഷം ,അല്ലെങ്കില്‍ പട്ടാളക്കുപ്പായം   ,അനീതി ചോദ്യം ചെയ്യല്‍ ,ഇടങ്ങള്‍ കണ്ടെത്തല്‍ ,പഴുതുകള്‍ തേടല്‍ എല്ലാം നടത്തുന്നു. അധിക്ഷേപങ്ങളെ രണ്ടു വിധത്തില്‍ നേരിടുന്നുണ്ട്. ബൌദ്ധികമായും കായികമായും.

ഈ യുവതികള്‍ക്ക്‌ പേരില്ല .ലോകത്തെ ഏതു പെണ്ണും ആകാം. അവരാകട്ടെ ആരുടെയോ കമന്ററികളില്‍  കൂടി കേട്ടറിയുന്ന ലോകം -അതില്‍ നിന്നുള്ള രണ്ടാം ഇടം കൊണ്ട് ആശ്വസിക്കല്‍.
പുരുഷന് ഒപ്പമിരുന്നു കളികണ്ടാല്‍ മതബോധം ഒലിച്ചു പോകുന്നതാനെങ്കില്‍ അത് എത്ര ദുര്‍ബലമാണ് .
നമ്മുടെ കുഞ്ഞുങ്ങളെ ഈ സിനിമ കാണിക്കണം 
അവര്‍ ചര്‍ച്ച ചെയ്യേണ്ട സാമൂഹിക പ്രശ്നം എന്ന നിലയിലും നല്ല സിനിമയുടെ കരുത്തറിയാനും