Monday, February 4, 2013

വിശ്വരൂപവ‍ഞ്ചനയും കമലാഹാസനും

       ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത് അതിന്റെ കലാമൂല്യം കൊണ്ടാകണം. കലാമൂല്യം കുടികൊളളുന്നത് അതിന്റെ പ്രമേയം,അഭിനയം, സംവിധാനം, ഛായാഗ്രഹണം, ദൃശ്യഭാഷയുടെ കാവ്യാത്മകത തുടങ്ങിയ ഒട്ടേറെ ഘടകങ്ങളിലാണ്. ഏതൊരു അളവു കോലുവെച്ചു പരിശോധിച്ചാലും വിശ്വരൂപം മൂന്നാം കിട തറസിനിമയാണെന്നു കാണാന്‍ കഴിയും. ഒരു കൂട്ടം വര്‍ഗീയവാദികള്‍ അനവസരത്തില്‍ കലാപഭീഷണി മുഴക്കിയില്ലായിരുന്നെങ്കില്‍ ഈ സിനിമയുടെ ഗതി വേറൊന്നായേനേ.( ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാത്രമേ വിശ്വരൂപപ്രദര്‍ശനം ന്യായീകരിക്കപ്പെടാവൂ )
കമലാഹാസന്‍ ഗുജറാത്ത് കലാപത്തില്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചു എന്ന ഒറ്റക്കാരണം ഈ സിനിമയെ ന്യായീകരിക്കാന്‍ തക്ക ശക്തമായ വാദമല്ല. സിനിമ മുസ്ലീം വിരുദ്ധമായ ആശയം സംപ്രേഷണം ചെയ്യുന്നുണ്ട് എന്നാണ് ഈ സിനിമ എനിക്കു നല്‍കിയ പാഠം.
നിസ്കാരം ഭീകരവാദചിഹ്നമാണോ? അറബിഭാഷ സമം ഭീകരവാദം എന്നു ആരാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? കമലിന്റെ വിശ്വരൂപത്തില്‍ വീണ്ടും വീണ്ടും നിസ്കരിക്കുന്ന രംഗങ്ങള്‍, വിശ്വരൂപമെന്ന പേരിന്റെ എഴുത്തു രീതി, ഒരു വിഭാഗത്തിനെ പ്രതിക്കൂട്ടിലാക്കുന്ന ട്രീറ്റ്മെന്റ് ഇവ മുസ്ലീംവിരുദ്ധവര്‍ഗീയവാദികളെ സുഖിപ്പിക്കും. ഗുജറാത്ത് വംശഹത്യക്കെതിരേ നിലപാടെടുത്ത ഒരാള്‍ നിര്‍മിച്ച ചിത്രം എന്നു വിശ്വസിക്കാന്‍ പ്രയാസം. മരുപ്രദേശങ്ങളില്‍ അതിശ്രേഷ്ടമായ നിറമാണ് പച്ച. പച്ചയെ മതചിഹ്നമാക്കുന്നതിനെ എതിര്‍ക്കപ്പെടേണ്ടതല്ല മാനിക്കേണ്ടതാണ്. പച്ചയുടെ മതം നമ്മളിലുണ്ട്.അതു ഹരിതബോധമാണ്. പച്ച വര്‍ഗീയതയുടെ ചിഹ്നമല്ല. പ്രാര്‍ഥന ഭീകരവാദചിഹ്നവുമല്ല. ചിഹ്നങ്ങളുടെ അര്‍ഥന്യൂനീകരണപ്രക്രിയയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
അഫഗാന്‍ പശ്ചാത്തലത്തില്‍ ആമേരിക്കന്‍ സാമ്രാജ്യത്വവും താലിബാന്‍ ഭികരവാദവും നിലനില്‍ക്കുമ്പോള്‍ ഏകപക്ഷീയമായി സാമ്രാജ്യത്വപക്ഷ സമീപനം സ്വീകരിക്കുന്നത് എത്രമാത്രം ശരിയാണ്? വിമര്‍ശനാതീതമാണ് അമേരിക്ക എന്ന നിലപാട് വളര്‍ത്താമോ? ഈ സിനിമയില്‍ അമേരിക്കക്കെതിരേ ഭീകരരവാദികള്‍ വെടിയുതിര്‍ക്കുന്ന ഒരു രംഗമുണ്ട്. അമേരിക്കന്‍ പ്രസിഡന്ററ്റിന്റെ ചിത്രം അതിന്റെ കണ്ണില്‍ വടിയുണ്ട തുളച്ചു കയറുമ്പോള്‍ വെളിച്ചം വെടിയുതിര്‍ക്കുന്നവരുടെ നേരേ വരുന്ന ആ രംഗം എങ്ങനെ വ്യാഖ്യാനിക്കും? മറ്റൊരു സന്ദര്‍ഭത്തിലും അമേരിക്കന്‍പൊയ്മുഖങ്ങളെ ലക്ഷ്യമാക്കി ആയുധപരിശീലനം നടത്തി ആഹ്ലാദിക്കുന്ന ഭീകരവാദികളെ കാണിക്കുന്നു. അമേരിക്ക രക്ഷകരായി എത്തുന്ന വേട്ടയുടെ നിരവധിദൃശ്യങ്ങളും .ഭീകരവാദവിരുദ്ധം എന്നാല്‍ സാമ്രാജ്യത്വദാസ്യം എന്നല്ലല്ലോ. അമേരിക്കയാണ് എറ്റവും വലിയ ഭീകരവാദി എന്നിരിക്കേ എന്തിനാണ് കമലാഹാസന്‍ അവരെ വെളളപൂശുന്നത്? ലോകരക്ഷകരായി അവരെ അവതരിപ്പിക്കുന്നത്? ഈ കാഴ്ചപ്പാട് സമര്‍ഥമായി വിനിമയം ചെയ്യുന്ന സിനിമയുടെ ഉളളടക്കത്തിന്റെ വിശ്വരൂപം കാണാതെ ഇടതുപക്ഷം അന്ധമായി ന്യായീകരിക്കരുത്.( വീണ്ടും പറയട്ടെ സിനിമ തടഞ്ഞവര്‍ സിനിമ കാണാതെ അങ്ങനെ ചെയ്തു എന്ന തെറ്റും സിനിമയുടെ ആശയതലത്തെ സംവാദാത്മകമായി എതിര്‍ത്തില്ല എന്ന വീഴ്ചയും കായികബലത്തിന്റെ ഭാഷയും സ്വീകരിച്ചു എന്നതും എതിര്‍ക്കപ്പെടണം. അതേ പൊലെ പൗരസമൂഹത്തില്‍ നിന്നും വിമര്‍ശനമുണ്ടായപ്പോള്‍ വൈകാരികമായ സമീപനം വെടിഞ്ഞ് വിവേകവും ഔചിത്യവും പ്രകടിപ്പിച്ച് സമരത്തില്‍ നിന്നും പിന്തിരിഞ്ഞതിനെയും വിലയിരുത്തണം. തിരിച്ചറിവിന്റെ പാതയില്‍ അണിനിരന്നാല്‍ പിന്നെ സിനിമ സമചിത്തതയോടെ വിമര്‍ശിക്കപ്പെടണം. വീണ്ടും വര്‍ഗിയവാദികളെ ഫോക്കസ് ചെയ്യുകയല്ല വേണ്ടത് എന്നു തോന്നുന്നു.ശുഭലക്ഷണങ്ങള്‍ കണ്ടതിനു ശേഷം അശുഭസമീപനം പാടില്ല എന്നതെല്ലാവര്‍ക്കും ബാധകമാകണം)സിനിമാപ്രദര്‍ശനപ്രതിസന്ധിയും സിനിമയുടെ വിചാരണയും വേറിട്ടു കാണണം.
ഭീകരവാദി വികലാംഗനാണ്.ജന്മസിദ്ധമല്ല കര്മസിദ്ധമാണത്. വൈകല്യം വീക്ഷണത്തിന്റേതാണ്. പാര്‍ശ്വവീക്ഷണമുളളവര്‍ക്കു മാത്രമേ മനുഷ്യരാശിയില്‍ തുടിക്കുന്ന ജീവചൈതന്യത്തിന്റെ ആന്തരികസത്യം കാണാതിരിക്കാനാകൂ. ഈ സിനിമയിലെ ഭീകരവാദിയുടെ നഷ്ടപ്പെടുന്ന ഇടംകണ്ണും പകരം വെക്കുന്ന പൊയ്ക്കണ്ണിനും അതേ പോലെ ഇറച്ചിക്കടയെ ലൊക്കേഷനാക്കി ഭീകരവാദത്തെ പരിചയപ്പെടുത്തുന്നതിനും വലിയ കലാമൂല്യം അവകാശപ്പെടാനാകില്ല. ഒരു ചെറിയ കുട്ടിയുടെ കണ്ണു കെട്ടി ആയുധങ്ങളുടെ തിരിച്ചറിവു പരിശോധിക്കുന്ന രംഗവും അതിനുശേഷം വെടിവെക്കുക എന്നത് കളിയും തമാശയമായി ജീവിതത്തിലേക്കു പകരുന്ന ദൃശ്യങ്ങളും കണിക്കുന്നു . കളിയും കാര്യവും തമ്മില്‍ ഭേദമുണ്ട് .ആശയപരമായ ആയുധപരിശീനമാണ് മതമൂല്യങ്ങള്‍ ത്യജിച്ച് സഹോദരവീക്ഷണം വെടിഞ്ഞ് ഭീകരവാദക്കുപ്പായമിടാന്‍ കുട്ടി മനസ്സുകളെ പ്രേരിപ്പിക്കുന്നത്.അതു വിനിമയം ചെയ്യാന്‍ സംവിധായകന്‍ മടിച്ചു. (ബുദ്ധ കൊളാപ്സ്ഡ് എന്ന സിനിമയില്‍ കുട്ടികളില്‍ മതമൗലികവാദഭീകരാശയബോധം രൂപപ്പെടുന്ന ഭീകരത അവതരിപ്പിക്കുന്നത് പ്രേക്ഷകരെ ചിന്തിപ്പിക്കും .ഇവിടെ ചിന്താരഹിത കാഴ്ച മാത്രം.) ഉപരിപ്ലവമായ വിശകലന രീതി പിന്തുടരുന്ന സിനിമ ചോദിക്കുന്നു ഭീകരവാദിയാകുന്നത് എങ്ങനെ? ആക്രമണവിധേയമായി മരണപ്പെട്ടവരെ കാണുന്ന ഒരു കൗമാരക്കാരന്‍. അവന്റെ മനസ് കലങ്ങുന്നു പിന്നീടവന്‍ ചാവേറാകുന്നു. എത്ര ലളിതമായ പ്രക്രിയ. ഇങ്ങനെയാണോ ഭീകരവാദികള്‍ രൂപപ്പെടുന്നത്?രക്ഷക ശിക്ഷക/നായക പ്രതിനായക സങ്കല്പത്തില്‍ വാര്‍ത്തെടുക്കുന്ന ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ വികൃതമായ അനുകരണം എന്നതില്‍ കവിഞ്ഞ് മനസ്സിനെ സ്പര്‍ശിക്കുന്ന ലോകസമാധാനകാംക്ഷികളേയും മതനിരപേക്ഷവിശ്വാസികളെയും നല്ല മതവിശ്വാസികളേയും ജനാധിപത്യവാദികളേയും എന്തിനു മനുഷ്യരെ സ്വാധീനിക്കാന്‍ പോകുന്ന ഒന്നും ഇതിലില്ല. സിനിമയെ കലാപരമായ കലാപമായി കാണുന്നവരും നിരാശപ്പെടും. താലിബനിസത്തിനെ എതിര്‍ക്കപ്പെടണം.അതു സൂക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുസ്ലീംവിരുദ്ധമനോഭാവമുളളവരെ സിനിമ സന്തോഷിപ്പിക്കും. അതാണിതന്റെ അപകടം എന്നു ഞാന്‍ കരുതുന്നു. ഭീകരവാദം, രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ മതം ശ്രമിക്കുന്നതിലൂടെ വളര്‍ന്നു വരുന്നതാണെങ്കില്‍ മതഭീകരവാദമാണ്. അധികാരവും മതവും തമ്മിലുളള ഈ ബന്ധം വിശകലനം ചെയ്യപ്പെടണം. മതം അതിന്റെ മൗലികയുടെ പേരില്‍ പൗരാവകാശങ്ങള്‍ ലംഘിക്കുകന്ന ദുഷ്കര്‍മങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതു മതമൗലികവാദമാണ്. ഇവ രണ്ടും ചേരുന്ന സന്ദര്‍ഭത്തെ മതപരമായ വിശ്വാസപ്രശ്നം മാത്രമായാണോ കാണേണ്ടത്. അല്ലെന്നുത്തരം. പക്ഷെ വിശ്വരൂപം അങ്ങനെ ധരിക്കുന്നില്ല.
            നമ്മുടെ ചെറുപ്പകാലത്ത് എതിര്‍പദങ്ങള്‍ എഴുതുന്നതിനു ചോദ്യം ഉണ്ടായിരുന്നു. ആണും പെണ്ണും എതിര്‍ലിംഗമാണെന്നു മലയാളം മാഷാണ് പഠിപ്പിച്ചത്. അച്ഛനുമമ്മയും എതിരല്ല എന്നനുഭവം മാഷുടെ പ്രയോഗത്തില്‍ കല്ലുകടിയായി നിലനിന്നു. അനുപൂരകലിംഗപദങ്ങളെ എതിരാക്കിയ നാം പാകിസ്ഥാന്‍ ഇന്ത്യയുടെ എതിരാളിയാണെന്നു കരുതുന്നു. ക്രിക്കറ്റ് കളിയില്‍ നല്ലതായി കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കായികസംസ്കാരത്തിന്റെ വലിയമനസ്സ് നഷ്ടപ്പെടുത്തി സ്വന്തക്കാര്‍ക്കു വേണ്ടി നിലപാടെടുക്കുയും ചെയ്യുന്നതിനു വസുധൈവ കുടുംബകം പറയുന്നവര്‍ക്ക് ലോകമേ തറവാടെന്നു ഉപദേശിക്കുന്നവര്‍ക്ക് മടിയില്ല. അയല്‍പക്കം എന്നതിനോടുളള കൂറു പ്രഖ്യാപിക്കുന്ന വാക്കാണ് അയല്‍രാജ്യം. അതിനെ ശത്രുരാജ്യമാക്കി .അതേ പോലെ ഹിന്ദുവിന്റെ എതിര്‍ വാക്കാണ് മുസ്ലീം എന്നു കരുതുന്നവരും നാട്ടിലുണ്ട്. പര്യായപദങ്ങളുടെ കാര്യവും ഇങ്ങനെ നിര്‍മിച്ചെടുക്കുകയാണ്. ഭീകരവാദി എന്നാല്‍ ഇസ്ലാം വിശ്വാസി, സിക്കുകാര്‍, എന്നിങ്ങനെ കാലദേശങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കി മുറിവുണ്ടാക്കാന്‍ സാംസ്കാരിക നിര്‍മിത നടത്തുന്നവരുടെ പക്ഷത്താണോ നാം നില്‍ക്കേണ്ടത്?..ഇത്തരം വിശ്വാസങ്ങളെ തകര്‍ക്കുന്നതാകണം ഈ രംഗത്തു ഇടപെടുന്ന സിനിമകള്‍. അല്ലെങ്കില്‍ അതു ജനാധിപത്യവിരുദ്ധശക്തികള്‍ മുതലാക്കും. നിര്‍മാതാവിനു മുടക്കുമുതലു കിട്ടുമെങ്കിലും സമൂഹത്തിനു നഷ്ടം തന്നെയാകും ഫലം. ആ നഷ്ടം ഇരു ചേരികളായി മുറിയുന്നവരെ കൂടുതല്‍ സ്പര്‍ദ്ധയുളളവരാക്കി മാറ്റുന്നതിലൂടെ സംഭവിക്കുന്നതാണ്. മതപരമായ ശത്രുത ഉളളില്‍ കൊണ്ടു നടക്കുന്നവരാണ് യഥാര്‍ഥത്തില്‍ മതനിന്ദ നടത്തുന്നത് എന്നു പറയാനാനുളള ആര്‍ജവം വിശ്വരൂപം കാട്ടിയില്ല. എന്തു കൊണ്ട് ഇസ്രയേല്‍ ഭികരത നമ്മള്‍ക്കു പരാമര്‍ശവിധേയമാകുന്നില്ല എന്ന ചോദ്യം കൂടി ചോദിക്കട്ടെ 

No comments: