Sunday, February 10, 2013

മതിലുകളും ജീവിതവും


അധികാരം, വിശ്വസ്തത, സൗഹൃദം, ജനതയുടെ സ്വാതന്ത്ര്യം, രാഷ്ട്രീയം, വ്യക്തിയും വ്യക്തിബന്ധവും അതിനുളളിലെ സ്വാതന്ത്ര്യവും, സ്വകാര്യതയും ഭരണകൂടവും, വിധേയത്വ രൂപീകരണം തുടങ്ങി പലമാനങ്ങളില്‍ കാണാന് കഴിയുന്നതാണ് Lives of others എന്ന സിനിമ. ശ്രദ്ധേയമായ ഒതുക്കം ഈ സിനിമയുടെ പ്രത്യേകതയാണ്.
http://www.youtube.com/watch?v=n3_iLOp6IhM
(പശ്ചാത്തലം.1984.
ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക് എന്ന ഒരു രാജ്യം ചരിത്രത്തിലുണ്ട്.
യുദ്ധനേട്ടം വീതിച്ചെടുത്തപ്പോള്‍ കമ്മൂണിസ്റ്റ് റഷ്യയ്ക്കു കിട്ടിയ പങ്ക്. പരാജിതരുടെ സമ്പത്ത് പങ്കിട്ടെടുക്കുന്നതില്‍ മുതലാളിത്വവും കമ്മ്യൂണിസവും ഒരേ പോലെ മനസ്സു ഐക്യപ്പെട്ടു.
അങ്ങനെ ജനതയുടെ ആഗ്രഹത്തിന്റെ അടിത്തറയില്ലാതെ ഒരു രാജ്യം കമ്മ്യൂണിസ്റ്റ് ചുവപ്പണിഞ്ഞു. ജനങ്ങളുടെ അതൃപ്തി അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പൊട്ടി മുളയ്ക്കുന്നതാണ്. സൗഭാഗ്യം അപ്പുറത്താണെന്ന തോന്നലുണ്ടായാല്‍ ഇപ്പുറം സ്വയം നവീകരിക്കുന്നതിനു പകരം മതിലുകൊണ്ടു മറതീര്‍ത്താലതു തടവാകുകയേ ഉളളൂ എന്നു ചരിത്രം ചൂണ്ടിക്കാട്ടും. സ്വാതന്ത്ര്യം അതു വലുതാണ്. കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ പലപ്പോഴും ജനതയുടെ സ്വാതന്ത്ര്യത്തെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തിനു കീഴില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. ചവിട്ടിപ്പിടിച്ചു നില്‍ക്കുന്നവ ഉയിര്‍ത്തെഴുന്നേറ്റാല്‍ അടിപതറുമെന്ന അനുഭവത്തിലൂടെ മനസ്സിലാക്കാം. പക്ഷെ പിന്നെ ഒന്നും ചെയ്യാന്‍ പറ്റാത്തവിധം ദാരുണമായിരിക്കും സ്ഥിതി.)
സിനിമയെക്കുറിച്ച് പറയും മുമ്പ് ഇത്രയും ആമുഖം ആവശ്യം.
മറ്റുളളവരുടെ ജീവിതം ( Lives of others ) പഴയ ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക്കിലാണ് ആരംഭിക്കുന്നത്.
1.
ജോര്‍ജ് ഡ്രെയ്മാന്‍ പ്രശസ്തനും അനുഗ്രഹീതനുമായ എഴുത്തുകാരനാണ്. അയാള്‍ക്കൊപ്പം പെണ്‍സുഹൃത്ത് ക്രിസ്റ്റ മരിയ താമസിക്കുന്നു. അവള്‍ സുന്ദരി.നടി. അയാളുടെ നാടകത്തിലെ പ്രധാന അഭിനേത്രി. മറയില്ലാത്ത സൗഹൃദത്തിന്റെ അത്യുന്നതിയിലാണിരുവരും. ഒറ്റ ജീവിതമാണവരുടേതെന്നു പറയാം.
( നടിക്കുക, ജീവിക്കുക എന്നിവയെ മുഖാമുഖം നിര്‍ത്തുന്ന സിനിമയാണിത്)
2.
ഭരണകൂടം ജോര്‍ജിനെ സംശയിക്കുന്നു. ഭരണകൂടതാല്പര്യങ്ങള്‍ക്കെതിരാണ് ജോര്‍ജെന്നു കരുതുന്നു. നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വെയ്സ്ലര്‍ എന്ന രഹസ്യപ്പോലീസുകാരനെ നിയോഗിക്കുന്നു. അയാളാകട്ടെ ജോര്‍ജിന്റെ വീട്ടിലെ ഉറുമ്പനക്കം പോലും കാണാനും കേള്‍ക്കാനും കഴിയും വിധം ഇലക്ട്രോണ്ക് സംവിധാനം ജോര്‍ജറിയാതെ ഘടിപ്പിക്കുകയും എല്ലാം തത്സമയം രേഖപ്പെടുത്തി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്യുന്നു
( ഭരണകൂടം എങ്ങനെ വ്യക്തികളുടെ സ്വകാര്യതിയില്‍ അദൃശ്യമായി ഇടപെടുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ചാരപ്പണിക്കാഴ്ചകള്‍. )
3.
രാജ്യത്തെ സാംസ്കാരിക മന്ത്രി ഹെംമ്പ്ഫ് . അയാള്‍ ക്രിസ്റ്റയില്‍ അനുരക്തനാകുന്നു. സമ്മര്‍ദ്ദത്തില്‍പ്പെട്ട അവള്‍ തണുത്ത മനസ്സോടെ അയാളുടെ കൂടെ വേഴ്ചയ്ക്ക് സന്നദ്ധയാകുന്നു. ( സാംസ്കാരിക മന്ത്രിയുടെ ചുമതലയാണല്ലോ സാംസ്കാരികപ്രവര്‍ത്തകരെ വേണ്ടവിധം നോക്കുക എന്നത്..!?)
4.
അവളുടെ യാത്രാരഹസ്യം മനസ്സിലാക്കുന്ന ജോര്ജ് ഒരു തവണ അവളോടു പറയുന്നു നീ പോകുന്നതെന്തിനെന്നെനിക്കറിയാം.പോകാതിരിക്കണം. അവള്‍ അന്നും പോയി. അവള്‍ തിരികെ വരുമ്പോള്‍ നിഷ്കളങ്കതയോടെ പഴയതില്‍ നിന്നും ഒരു വ്യത്യാസവും വരുത്താതെ ജോര്‍ജ് അവളോടു പെരുമാറുന്നു. അയാള്‍ എഴുത്തുകാരനെന്ന നിലയിലുളള ഉന്നതമായ വ്യക്തിത്വം പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞാലതതിശോക്തിയാകില്ല. അതു പോലെ സ്വാതന്ത്ര്യവാദിയായ എഴുത്തുകാരന് വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കാനാകുമോ?
(പല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഈ അസാധാരണ ബന്ധം)
മന്ത്രിപ്പണി പല ഉര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമറിയാമെങ്കിലും അവരുടെ വിധേയത്വം മൂലം അത് നിസാരവത്കരിക്കപ്പെടുന്നു.
5
രാജ്യത്തെ ബുദ്ധിജീവികള്‍ അസംതൃപതരാണ്. അവരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ജോര്‍ജും കൂട്ടരും പ്രതികരിക്കുന്നതിനുളള മാര്‍ഗങ്ങളാലോചിക്കുന്നു.
6
വെയ്സലര്‍ എന്ന ചാരപ്പോലീസുകാരന്‍ ജോര്‍ജിന്റെ ജിവിതത്തിന്റെ ഓരോ നിമിഷവും റിക്കാര്‍ഡു ചെയ്യുകയാണ്. ക്രമേണ ജോര്‍ജിന്റെ നിഷ്കളങ്കതയും സര്‍ഗാത്മകതയും വിസ്വസ്തതയും പ്രതിബദ്ധതയും ചാരപ്പോലീസുകാരനെ സ്വാധീനിക്കുന്നു. അതു കൊണ്ടു തന്നെ ജോര്‍ജിനു ഒരു ഇറക്കുമതി ചെയ്ത ,പുസ്തകവലിപ്പം മാത്രമുളള ടൈപ് റൈറ്ററ്‍ ലഭിക്കുന്നിടം മുതലുളള സുപ്രധാനവിവരങ്ങള്‍ അയാള്‍ മേളധികാരികള്‍ക്കു നല്കുന്നില്ല. ഭാവനയില്‍ കുരുത്ത റിപ്പോര്‍ട്ടുകളാണ് തുടര്‍ന്നു നല്‍കുന്നത്. ക്രിസ്റ്റിയുടെ പോക്കില്‍ വെയ്സലര്‍ അസംന്തുഷ്ടനാകുന്നു. അത്രയ്ക്ക് അയാള്‍ ജോര്‍ജിന്റെ ആരാധകനാകുന്നുവെന്നു സാരം. ക്രിസ്റ്റയെ ഒരു ഷോപ്പില്‍ വെച്ച് പരിചയപ്പെടുന്ന വെയ്സലര്‍ അവളെ പരോക്ഷമായി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
7
രാജ്യത്തെ ആഭ്യന്തരവിശേഷങ്ങള്‍ എങ്ങനെയോ പുറം ലോകത്തെത്തുന്നു. ഭരണകൂടം അസ്വസ്ഥമാകുന്നു. ആരാണിതിനു പിന്നില്‍? ഇറക്കുമതി ചെയ്ത ടൈപ് റൈറ്ററില്‍ തയ്യാറാക്കിയ മാറ്ററാണ് പുറത്തുപോയത് എന്നു വരെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുന്നു. സംശയത്തിന്റെ മുന ജോര്‍ജിലേക്കു നീളുന്നു.
8
ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു. അവര്‍ക്ക് തെളിവുകള്‍ കിട്ടുന്നില്ല. സാംസ്കാരികചങ്ങാതിമാര്‍ ക്രിസ്റ്റയില്‍ നിന്നും വിവരം ചോരാനുളള സാധ്യത ചൂണ്ടിക്കാട്ടുമ്പോള്‍ ജോര്‍ജിനു അവള്‍ ഒരിക്കലുമങ്ങനെ ചെയ്യില്ലെന്നുറപ്പുണ്ട്.
9
സാംസ്കാരിക മന്ത്രി ക്രിസ്റ്റയുമായുളള ബന്ധം കേസന്വേഷണത്തിനു തടസ്സമാക്കേണ്ടതില്ലെന്നും അവളെ അറസ്റ്റ് ചെയ്തു വേണ്ടരീതിയില്‍ പെരുമാറി വിവരം ചോര്‍ത്താനും നിര്‍ദ്ദേശം കൊടുക്കുന്നു. ( അധികാരം, പെണ്ണ് എന്നിവയുടെ മുന്‍ഗണന നിശ്ചയിക്കേണ്ടിവരുന്ന സന്ദര്‍ഭത്തെ മാനസികസംഘര്‍ഷങ്ങളില്ലാതെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന രീതി ലോകത്തിന് പുതുമയുളളതല്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണിവിടെ)
ക്രിസ്റ്റ അറസ്റ്റ് ചെയ്യപ്പെടുന്നു.
10
ക്രിസ്റ്റയെ ചോദ്യം ചെയ്യാന്‍ വെയ്സലര്‍ നിയോഗിക്കപ്പെടുന്നു. അയാളെ അവള്‍ ഓര്‍മിക്കുന്നു. രാജ്യം. അവളുടെ കഴിവ്, അവളുടെ ഭാവി സാധ്യതകള്‍..എല്ലാം വലുതാണ്.കുറുക്കന്‍ തന്ത്രങ്ങളില്‍ അവള്‍ വീഴുന്നു. രണ്ടു മുറികളുടെ ഇടയില്‍ തറയിലാണ് ആ ടൈപ്പ്റൈറ്റര്‍ എന്ന് അവള്‍ ഒറ്റുകൊടുക്കുന്നു. അവളെ മോചിപ്പിക്കുക മാത്രമല്ല പാരിതോഷികം നല്‍കാനും രഹസ്യപ്പോലീസ് വിഭാഗം സന്നദ്ധമാകുന്നു.
11.
അവള്‍ വീട്ടിലെത്തുന്നു. കുളിക്കണം. ( കുളിയുടെ രംഗങ്ങള്‍ പലതവണയുണ്ട്. മന്ത്രിയുമായുളള വേഴ്ചക്കു ശേഷം സ്വയം മലിനപ്പെട്ടെന്നു തോന്നുന്ന അവള്‍ കുളിമുറിയില്‍ വിതുമ്പുന്ന രംഗം. ഇത്തവണ സോപ്പ് എടുത്തു നല്കുന്നതിന് ജോര്‍ജിനോടവള്‍ ആവശ്യപ്പെടുന്നു. വളരെ ഔചിത്യപൂര്‍വം അവളുടെ മനസ് ചിത്രീകരിക്കുന്നതിനിവിടെ കഴിഞ്ഞു. ) കുളിയാരംഭിക്കേ പോലീസ് വീടു വളയുന്നു. തറയിലെ പലകയുടെ ഇളക്കം പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ക്രിസ്ററ കുളികഴിഞ്ഞെത്തുന്നു. ജോര്‍ജ് പിടിക്കപ്പെടാന്‍ പോകുന്ന നിമിഷം! ജോര്‍ജ് അവളെ നോക്കുന്നു. അവള്‍ മനസ്സംഘര്‍ഷത്താല്‍ നിയന്ത്രണം വിട്ട് പുറത്തോക്കോടി പാഞ്ഞു വരുന്ന വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ജോര്‍ജ് ഓടി വന്നവളെ വാരിയെടുത്ത് വിലപിക്കുന്നു.
13
തറയിലെ പലകയുടെ അടിയില്‍ ആ ടൈപ് റൈറ്റര്‍ ഉണ്ടായിരുന്നില്ല. അത് ആരാധകനായ ചാരപ്പോലീസ് വെയ്സലര്‍ നേരത്തെ നീക്കം ചെയ്തിരുന്നു. അയാളാണല്ലോ അവളെ ചോദ്യം ചെയ്തത്. അയാള്‍ക്കറിവുളള കാര്യുമണത്. തുടരന്നുണ്ടാകാനിടയുളള റെയിഡിനെ പ്രവചിക്കാനും വെയ്സനര്‍ക്കു കഴിയും.
(വെയ്സലര്‍, ക്രിസ്റ്റ ഈ രണ്ടു പേരെ മുമ്പില്‍ നിറുത്തി വിശ്വസ്തത എന്താണെന്ന ഒരു ചോദ്യം സിനിമ ഉന്നയിക്കുന്നു.)
എന്തെല്ലാം മറകളാണ് തകരുന്നത്. ബര്‍ലിന്‍ മതിലും പിടിച്ചു നിന്നില്ല. പുതിയ സമൂഹം .അപ്പോള്‍ ജോര്‍ജ് രഹസ്യരേഖകള്‍ വായിക്കുന്നതിനു അവസരം കിട്ടുന്നു. അവസാനറിപ്പോര്‍ട്ടിലെ വിരലടയാളം ടൈപ്പ്റൈറ്റര്‍ മഷിയില്‍ മുക്കിയത്. അതു ജോര്‍ജിനു പരിചിതമായ മഷിതന്നെ.അജ്‍‍ഞാതനായ ആ രഹസ്യപ്പോലീസുകാരന്‍...രഹസ്യത്തിന്റെ കയ്യൊപ്പ്.
13
ജോര്‍ജിന്റെ അടുത്ത പുസ്തകം ബുക്ക സ്റ്റാളില്‍.
ആ പരസ്യം വെയ്സലര്‍ കണ്ടു കടയില്‍ കയറി പുസ്തകം വാങ്ങി ആദ്യ പേജ് മറിച്ചു .അതു സമര്‍പ്പിച്ചിരിക്കുന്നത്.-"HGW XX/7" ന്.
അതാണല്ലോ വെയ്സലറുടെ ചാരപ്പേര്.

Directed by
Florian Henckel von Donnersmarck
Produced by
Max Wiedemann
Quirin Berg
Dirk Hamm
Written by
Florian Henckel von Donnersmarck
Starring
Ulrich Mühe
Martina Gedeck
Sebastian Koch
Ulrich Tukur
Music by
Gabriel Yared
Stéphane Moucha
Cinematography
Hagen Bogdanski
Editing by
Patricia Rommel
Studio
Wiedemann & Berg
Bayerischer Rundfunk
ARTE
Creado Film
Distributed by
Buena Vista International(Germany)
Sony Pictures Classics
Release date(s)
  • 23 March 2006
Running time
138 minutes
Country
Germany
Language
German
Budget
$2 million


.

1 comment:

പ്രേമന്‍ മാഷ്‌ said...

മനസ്സിന്റെ നിഗൂഡതകളെക്കുറിച്ചുള്ള മനോഹര സിനിമയാണ് ലൈഫ്സ്‌ ഓഫ് അതേര്‍സ്. എഴുത്ത് കലാപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനം എന്നിവയോടുള്ള കമിറ്റ്മെന്റ് ആരുടേയും മനസ്സിനെ സ്പര്‍ശിക്കും എന്ന സന്ദേശം ഈ സിനിമ നല്‍കുന്നു.