Saturday, July 12, 2014

ബാഗ്ലൂര്‍ ഡെയ്സും ഡി വൈ എഫ് ഐയുടെ നൈറ്റ് അസംബ്ലിയും തമ്മിലെന്ത് ബന്ധം?


ഇതൊരു സിനിമനിരൂപണമാണോ? =അല്ല/അതെ.

ഡി വൈ എഫ് ഐ അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ എഴുതുന്നു."പ്രായഭേദമന്യേ സ്ത്രീകള്‍ സുരക്ഷിതര്‍ അല്ലാത്ത ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. സുരക്ഷിതമായി നിരത്തുകളിലൂടെ അവര്ക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. എങ്ങും എവിടെയും എന്നും പീഡന വാര്‍ത്തകള്‍ മാത്രം. ചാനലുകളും പത്രങ്ങളും തങ്ങളുടെ പ്രചാരം വര്ദ്ധിപ്പാന്‍ മാത്രമുള്ള ഉപാധി ആയി ഇതിനെയൊക്കെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പണ്ടൊരു നാള്‍ ഗോവിന്ദ ചാമി എന്നാ നരാധമന്‍ പിച്ചി ചീന്തിയ സൗമ്യ, ഡല്‍ഹിയില്‍ ഒരു ബസില്‍ വച്ച് പീഡനത്തിനു ഇരയായ പെണ്‍കുട്ടി, ഉത്തര്‍ പ്രദേശില്‍ മാനഭംഗത്തിന് ശേഷം മരത്തില്‍ കെട്ടി തൂക്കി കൊന്ന രണ്ടു സഹോദരിമാര്‍ അങ്ങനെ അനവധി നിരവധി സ്ത്രീ പീഡനങ്ങള്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ പടുവൃദ്ധര്‍ വരെ പീഡിപ്പിക്കുന്നു. എന്താണ് നമ്മുടെ നാട് ഇങ്ങനെ ?? ഇതിനു ഒരു മാറ്റം വരണ്ടേ?? മാറ്റം വരുത്തണ്ടേ നമുക്ക് ?? വികലമായ ചിന്തകള്‍ക്ക് വശംവദരായി പീഡിപ്പിക്കുന്നവരെ ഒരു ബോധാവത്ക്കരണത്തിലൂടെ പിന്തിരിപ്പിക്കാന്‍ ഡി.വൈ.എഫ്.. ശ്രമിക്കുകയാണ് ജൂലൈ 10 ന്. "പേടിച്ചരണ്ട നിന്‍ പേടമാന്‍ മിഴികള്‍... തേടുവതാരെയെന്നറിവു ഞാന്‍.. മാരനെയല്ലാ മണാളനെയല്ല... മാനം കാക്കുമൊരാങ്ങളയേ..." കവിയുടെ ഈ വരികളെ ഡി വൈ എഫ്‌ ഐ കാലികപ്രസക്തമായ മുദ്രാവാക്യമായി ഉയര്‍ത്തിപിടിച്ച്‌ കൊണ്ട്‌ ഡെല്‍ഹിയിലെ ജ്യോതി,ഉത്തര്‍പ്രദേശിലെ ദളിത്‌ സഹോദരിമാര്‍,കേരളത്തിന്റെ സൗമ്യ ഇവരുടെ പിന്മുറക്കാരായി നാളെ നമ്മുടെയും അമ്മ പെങ്ങന്മാര്‍ വരാതിരിക്കാന്‍ "രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്" എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്ത്രീകളെ അണിനിരത്തി ജില്ലാ കേന്ദ്രങ്ങളില്‍ ജൂലായ്‌ 10 നു സംഘടിപ്പിക്കുന്ന "നൈറ്റ്‌ അസംബ്ലി" യ്ക്ക്‌ കക്ഷി - രാഷ്ട്രീയ ഭേദമന്യേ നമ്മള്‍ ഒന്നിക്കേണ്ട ഒരു ജനകീയ വിഷയം ആണിത്"
ആങ്ങള സങ്കല്പം
ഡി വൈ എഫ് ഐ ഒ എന്‍ വിക്കവിതയിലെ മാനം കാക്കുന്ന ആങ്ങളസങ്കല്പത്തെ ഉയര്‍ത്തിപ്പിടിച്ച് രാത്രിസഭയുടെ പ്രചരണക്കുറിപ്പ് എഴുതിയത് ശരികേടായിപ്പോയി. പെണ്ണിന് സ്വയം സംരക്ഷിക്കാനാകില്ല എന്ന ധ്വനി.സംരക്ഷകരുടെ റോള്‍ പുരുഷമനസുകള്‍ക്ക് മാത്രം. ആണും പെണ്ണും ( സഖാക്കള്‍) എന്ന നിലയില്‍ വ്യക്തിത്തമുളള പ്രസ്ഥാനത്തില്‍ തെരഞ്ഞെടുക്കേണ്ട വാക്കിതാണോ പെങ്ങളായിട്ടെല്ലാ പെണ്ണുങ്ങളേയും കാണണം എന്നു പറയുന്നതില്‍ എന്തു തെറ്റെന്നു ചോദിച്ചേക്കാം. പരസ്പരം മാനിക്കപ്പെടേണ്ട വ്യക്തി എന്ന നിലയില്‍ പെണ്ണിനെ അംഗീകരിക്കാന്‍ കഴിയണമായിരുന്നു.സ്ത്രീയ്ക് അമ്മ,ഭാര്യ, പെങ്ങള്‍,മകള്‍ എന്നിങ്ങനെയല്ലാതെ പൗര എന്ന നിലയില്‍ അസ്തിത്വമില്ലേ. അതനുവദിച്ചു കൊടുക്കുന്നതിനെന്താ ഇത്ര മടി?എവിടെ സ്ത്രീകള്‍ക്കെതിരായ അനീതിയുണ്ടോ അവിടെ സമൂഹവും പ്രസ്ഥാനവുമുണ്ട് എന്നു ഉറക്കെ പ്രഖ്യാപിക്കുന്ന രാത്രിസഭയുടെ കാലിക പ്രസക്തി ചോദ്യം ചെയ്യാനാവാത്തത്.സംഘാടകരുടെ പ്രതിബദ്ധതയും.അതു മാനിച്ചുകൊണ്ട് വിനയപൂര്‍വം പറയട്ടെ, പക്ഷേ അറിഞ്ഞോ അറിയാതെയോ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കു തിളക്കം നഷ്ടപ്പെടുന്ന പിശകുകളുണ്ടാകരുതായിരുന്നു.കസിനുകളെ അവതരിപ്പിച്ച് ബാഗ്ലൂര്‍ ഡെയ്സിലും നല്‍കുന്ന സന്ദേശം മറ്റൊന്നല്ല.
നൈറ്റ് അസംബ്ലിയും ബാഗ്ലൂര്‍ ഡേയ്സും
പേരുകളുടെ ഭാഷ നോക്കൂ.മലയാളസിനിമകളുടെ പേരുകളാകെ ഇംഗ്ലീഷിലാകുന്ന പ്രവണതയ്ക്കെതിരേ പലരും പ്രതികരിക്കുന്ന സമയമാണിത്, ശ്രേഷ്ഠമലയാളത്തിന്റെ കരുത്തില്‍ ആര്‍ക്കൊക്കെയോ സംശയം.ഇംഗ്ലീഷ് മീഡിയം തലമുറയുടെ അഭിരുചികള്‍ക്കും കമ്പോളപ്രിയ മുതല്‍മുടക്കിനും ഇംഗ്ലീഷ് വേണമെന്ന് സിനിമവ്യവസായികള്‍ തീരുമാനിക്കുന്നതു മനസിലാക്കാം.മലയാളസംരക്ഷണത്തിനായി പുരോഗമന കലാസാഹിത്യസംഘം സമരം നടത്തുന്ന കാലത്ത് തന്നെ സമരത്തിനും വേണം ആംഗലേയം എന്നു തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. രാത്രിസഭ, രാത്രിസദസ് എന്നെല്ലാം പറഞ്ഞാല്‍ നാണക്കേടാകുന്നത് ഒരു സാംസ്കാരിക പ്രശ്നമാണ്.
ആണിടങ്ങളെ പൊതു ഇടങ്ങളാക്കുക
ആണിടങ്ങളെ അവകാശമാക്കുന്ന പെണ്ണുങ്ങളുളള ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമ കാണാന്‍ കേരളത്തിലെ വലിയൊരു സംഘം പെണ്ണുങ്ങള്‍ സെക്കന്ഡ് ഷോയ്കും തിയേറ്ററുകളില്‍ ക്യൂ നില്‍ക്കുന്നുമുണ്ട്.സകുടുംബം സിനിമ കാണാം. എന്നാല്‍ സകുടുംബം സമരവേദികളിലോ പെണ്‍പക്ഷകൂട്ടായ്മകളിലോ എത്താതെയുമിരിക്കുക.പൊതു ഇടങ്ങളെല്ലാം ആണുങ്ങളുടേതാണെന്നു കരുതുന്ന മനസുളളവരാക്കി കേരളീയ സ്ത്രീകളെ മാറ്റിയെടുത്ത സാംസ്കാരിക സാഹചര്യം എന്താണ്?ചരിത്രത്തിന്റെ മറക്കുടസ്മരണകള്‍ വര്‍ത്തമാനവ്യവഹാരത്തിന്റെ സജീവതയിലേക്കു തികട്ടിവരുന്നുവോ? ഒപ്പത്തിനൊപ്പം സമൂഹത്തില്‍ പ്രകാശനം ചെയ്യാനുളള അവസരം അഭിലഷിക്കുന്നവരാണ് സ്ത്രീകള്‍. സമൂഹത്തിന്റെ വിരല്‍ചൂണ്ടല്‍ പേടിച്ച് മറുത്തു പറയാനാവാതെ എരിഞ്ഞുതീരുന്നതിനോടുളള ആത്മനിന്ദ ഉളളില്‍ വേവിച്ച് നടക്കുന്ന അവര്‍ ബാഗ്ലൂര്‍ ഡെയിസ് ഇഷ്ടപ്പെടുന്നു. അടിച്ചുപൊളിച്ച് ഊരു ചുറ്റുന്ന പെണ്ണിനെ ഇഷ്ടപ്പെടുന്നു.തനാഗ്രഹിക്കുന്ന സ്വതന്ത്രാവസ്ഥ മറ്റൊരാളിലൂടെ പ്രതീകാത്മകമായി അനുഭവിക്കുന്ന മനശാസ്ത്രമാണോ ഇതിലുളളതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ധീരമായ തീരുമാനങ്ങള്‍ക്കും സമൂഹത്തിലെ ദൃശ്യതയ്ക്കും വേണ്ടി ശബ്ദം തിരച്ചുപിടിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. അത്തരം ചിന്തകളിലേക്ക് ഈ സിനിമയുടെ ചര്‍ച്ചയെ വികസിപ്പിക്കുന്നില്ലെങ്കില്‍ സാമ്പത്തികവിജയത്തിനപ്പുറം ഈ സിനിമ വിജയിക്കാതെ പോകും.
കെട്ടുന്നത് പൂട്ടാനാണ
ബാംഗ്ലൂര്‍ ഡെയ്സിലെ ഗാനം ചിത്രത്തിന്റെ സന്ദേശം നല്‍കുന്നു.കെട്ടുന്നത് പൂട്ടാനാണെന്ന് ഉറപ്പിച്ചു പറഞ്ഞാണ് ആദ്യ ഗാനം കല്യാണ വീട്ടില്‍ ആഘോഷിക്കുന്നത്.
പച്ചക്കിളിക്കൊരു കൂട് പച്ചക്കരിമ്പഴിയുള്ള കൂട്
ആ പച്ചക്കിളിക്കൊരു കൂട് പച്ചക്കരിമ്പഴിയുള്ള കൂട്
കണ്ണാളന്‍ കെട്ടുന്നുണ്ടല്ലോ ഓ
അത് നിന്നെ പൂട്ടാനാണല്ലോ
.......കേട്ടോ നീ കേട്ടോ..
ഈ കൂട്ടില്‍ പെട്ടാല്‍ പിന്നെ
നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ
കണ്ണാല്‍ എന്‍ കണ്ണാല്‍..
ഞാന്‍ കള്ളത്താക്കോല്‍ തീര്‍ക്കും
വെള്ളി പക്ഷിക്കൊപ്പം മേലേ വിണ്ണില്‍ പാറും ഞാനും
പച്ചക്കരിമ്പഴിയുളള കൂട്ടില്‍ കെട്ടിയിട്ട കിളി വെളളപ്പക്ഷിപോലെ പറക്കുന്ന കാഴ്ചയാണ് ബാംഗ്ലൂര്‍ ഡെയിസില്‍ കാണുന്നത്. കെട്ടിക്കഴിഞ്ഞാല്‍ പിന്നെ എരിപൊടിയങ്കമായിരിക്കും ജീവിതം.അതെ കലാപമനിവാര്യമാക്കുന്ന ഉടമ്പടിയാണ് വിവാഹം എന്ന നിലാണ് ഇപ്പോഴും. ആകാശം നഷ്ടപ്പെടുന്ന പറവയായി മാറാന്‍ എത്ര പെണ്ണുങ്ങള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ട്? പലപ്പോഴും യൗവ്വനത്തിന്റെ സ്വപ്നങ്ങളില്‍ അന്തര്‍സങ്കര്‍ഷങ്ങള്‍ കെട്ടിവെച്ചമര്‍ന്നു വിങ്ങുന്നതിനെയാണ് വിവാഹജീവിതം എന്നു വിളിക്കുന്നത്.അടക്കം, ഒതുക്കം, വിധേയത്വം, അനുസരണ,ക്ഷമ എല്ലാമാണ് വധു കൊണ്ടുചെല്ലേണ്ടത്. ഈ സിനിമയിലെ വെളളപ്പക്ഷി പാറിപ്പറക്കുന്ന രീതികളോട് വിയോജിക്കാം.( നിശാഭക്ഷണശാലകള്‍, മദ്യശാലകള്‍,ഉല്ലാസകേന്ദ്രങ്ങള്‍,സിഗരറ്റ് ശീലങ്ങള്‍, സാഹസിക ബൈക്ക് യാത്രകള്‍ തുടങ്ങി അടിപൊളിജീവിതം നയിക്കുന്ന യുവാക്കളുടെ എല്ലാ മേഖലകളിലും അവളെ എത്തിച്ചാണ് സംവിധായിക പാറിപ്പറക്കല്‍ കാട്ടിത്തരുന്നത്.) താമസിച്ചു വരാനും പറയാതെ പോകാനും തന്നിഷ്ടപ്രകാരമുളള തീരുമാനമെടുക്കാനും കയര്‍ത്തു സംസാരിക്കാനും ഇണയെ മാനിക്കാതിരിക്കാനും പുരുഷനു മാത്രം അവകാശം എന്നതിനെ ചോദ്യം ചെയ്യുന്ന ദിവ്യ എന്ന പെണ്ണിനെ ആ തലത്തില്‍ കൂടി കാണേണ്ടതുണ്ട്. അവഗണനയോടുളള പ്രതികരണങ്ങളും പ്രധാനം. തന്റെ ജീവിതത്തെ മാറ്റിയെടുക്കുക എന്നതിനുളള അവളുടെ പരിശ്രമങ്ങളും വിലമതിക്കപ്പെടേണ്ടത്.രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ് തെരുവുകളും എന്ന സന്ദേശം ഈ സിനിമയും അവതരിപ്പിക്കുന്നു. ആ സ്വന്തമാക്കല്‍ ഉയര്‍ന്ന പ്രത്യയശാസ്ത്രാവബോധത്തിന്റെ ഭാഗമായല്ല മറിച്ച് ആധുനികകമ്പോളജീവിതത്തിന്റെ അടിപൊളിസംസ്കാരത്തിന്റെ നിഴല്‍പറ്റിയാണെന്നു മാത്രം. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ വേഗം വിറ്റുപോകുന്ന ഒന്നായി ഈ സിനിമ മാറും. സിനിമ യുവതീയുവാക്കളുടെ സ്വപ്നഭൂമിയുടെ പ്രതീകമായി ബംഗ്ളൂരിനെ അവതരിപ്പിക്കുന്നു.
കണ്ണുംചിമ്മി.. കണ്ണുംചിമ്മി..കാണും
കനവാണീ ബാംഗ്ളൂര്‍
ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം.. ബാംഗ്ളൂര്‍
നൂലും പൊട്ടിപ്പാറും പട്ടംപോലെ
നാടും കൂടും വിട്ട കിളി പോലെ
മതിമറന്നിനി പറക്കാനായി ..ബാംഗ്ളൂര്‍
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...
എല്ലാ വിധ കെട്ടുപാടുകളേയും പൊട്ടിച്ചെറിഞ്ഞ് (ചരട് പൊട്ടിപ്പാറുന്ന പട്ടം) നാടും കൂടും വിട്ട കിളികളായി മതിമറന്നു പറക്കുകയാണത്രേ മധുരജീവിതം!
അതേ സമയം ഡി വൈ എഫ് ഐ ഉയര്‍ത്തിയ തെരുവിനേയും രാത്രികളേയും സ്ത്രീകളുടെ കൂടി ഇടമാക്കി മാറ്റുക എന്ന പ്രക്രിയ രാഷ്ട്രീയ അവബോധ നിര്‍മിതിയിലൂടെ മാത്രമേ സാധ്യമാകൂ. സാംസ്കാരിക സദസുകളായാണ് രാസഭയെ ആ യുവജനപ്രസ്ഥാനം വിഭാവനം ചെയ്തത്. വിപണിയുടെ മായാമോഹിതാനുഭവങ്ങള്‍ക്കു പകരം പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റേയും തുല്യതയ്കുവേണ്ടിയുളള പ്രയത്നത്തിന്റേയും തലങ്ങളെ കുടുംബജീവിതത്തിനകത്തു മാത്രം പരിഹരിക്കാനാകില്ല. അതിന് സാമൂഹികമായ മാനം കൂടി ലഭിക്കണം. അധികാര സ്ഥാനങ്ങളിലെയും നേതൃപദവികളിലേയും സംവരണദാനം എന്നതിനപ്പുറം തുല്യപങ്കാളിത്തം ബോധ്യപ്പെടുത്തേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്കുണ്ട്. എങ്ങനെയാണ് സ്ത്രീസാന്നിദ്ധ്യത്തെ ഉറപ്പാക്കുന്ന സംഘടനാരീതികള്‍ എന്നത് വികസിപ്പിച്ചെടുക്കേണ്ട ചുമതല മറ്റാരാണ് ചെയ്യുക?
ജ്യോതിഷിയുടെ മുമ്പിലെ കേരളം
മകളുടെ കല്യാണപ്രായം തീരുമാനിക്കുന്നത് മാതാപിതാക്കളല്ല.പെണ്ണുമല്ല. മറിച്ച് ജ്യോതിഷിയാണ്. വരും വരായ്കകള്‍ കൃത്യമായി പറയും. എത്ര പഠിപ്പുളളവരും ജ്യോതിഷിയുടെ മുന്നില്‍ യുക്തിബോധത്തെ ഒളിച്ചുവെക്കും.ദിവ്യയുടെ കല്യാണം ഉടന്‍ നടന്നില്ലെങ്കില്‍ അവളെ അടിച്ചുമാറ്റിക്കൊണ്ടുപോയേക്കാമെന്ന് ജ്യോതിഷി പറഞ്ഞാല്‍ അതിനപ്പുറം സ്ത്രീശാക്തീകരണക്കാരിക്കും വാക്കില്ല.കൊഞ്ഞനം കാട്ടുന്നുവെങ്കിലും അവള്‍ ജ്യോതിഷിയുടെ തീരുമാനമാണ് തന്റെയും എന്നതിലേക്കു ചുരുങ്ങുന്നു.നാടിന്റെ മനസു് ഇങ്ങനെയാണ്.അനിഷ്ടകരമായ ജീവിതം സംഭവിക്കാതിരിക്കാന്‍ ജാതകത്തെ ആശ്രയിക്കുക. അവരവരുടെ ജിവിതം അവരവര്‍ തന്നെയാണ് രൂപപ്പെടുത്തുക എന്ന തിരിച്ചറിവില്ലാത്ത പെണ്ണുങ്ങളും മാതാപിതാക്കളും!
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍
ജോലിയില്‍ കയറുന്ന അന്ന് തന്റെ ക്യാബിനില്‍ കമ്പ്യൂട്ടര്‍ മുറിയില്‍ ദൈവത്തിന്റെ ചിത്രം വെച്ചു പൂജിക്കുന്ന കുട്ടന്‍. കുട്ടന്റെ അമ്മയുടെ ആഗ്രഹം ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറിനെ തന്നെ പ്രസവിക്കണമെന്നായിരുന്നു. എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് ഇപ്പോള്‍ മറ്റൊന്നുമല്ലല്ലോ. കേരളത്തനിമയില്‍ ആവേശം കൊളളുന്ന കുട്ടന്‍, ലിഫ്റ്റില്‍ മൂന്നു നാലു പെണ്‍തരികള്‍ ഒപ്പം കയറുമ്പോള്‍ ശ്വാസം മുട്ടുന്ന കുട്ടന്‍. ഭാവി വധുവന്റെ ശാലീനത വിവരിക്കുന്ന കുട്ടന്‍. ഈ സിനിമയിലെതന്നെ ഗാനത്തിലുളളതുപോലെ കവിളത്തു കണ്ണാടിത്തുണ്ടും ചുണ്ടത്തു ചിങ്കാരച്ചെണ്ടും നീലക്കായലുപോല്‍ തോന്നും ഓമല്‍ക്കണ്ണും മുടിക്കാര്‍മുകിലും നാടന്‍ ചേലും തങ്കത്താമരപോല്‍ പൂന്തേന്‍ ചിന്തും നെഞ്ചും എല്ലാമുളള സങ്കല്പത്തിലെ തനിനാടന്‍ പെണ്ണ്. കുട്ടനെ ചേട്ടാ എന്നു വിളിക്കുന്നത് ആലോചിച്ചു മധുരിക്കുന്നുമുണ്ട്. ഈശ്വരവിശ്വാസിയായ സംസ്കാരത്തനിമയില്‍ മുറുകെ പിടിക്കുന്ന കുട്ടന്‍, അരപ്പാവാടക്കാരികളെ കണുമ്പോള്‍ ആര്‍ത്തിക്കണ്ണുകളോടെ നോക്കുന്നതും എയര്‍ഹോസ്റ്റസിനെ കാപ്പിയില്‍ ചാലിച്ചു കുടിക്കാനാഗ്രഹിക്കുന്നതും ഒടുവിലവളുടെ കൂടെ അന്തിയുറങ്ങുന്നതുമെല്ലാം സരസമായ കാഴ്ചകളായി കണ്ടിരിക്കാം. അതേ സമയം കേരളക്കരയിലെ അഭ്യസ്തവിദ്യരായ വിശ്വാസിപ്പയ്യന്‍മാരുടെ ഇരട്ട വ്യക്തിത്വമായി വ്യാഖ്യാനിക്കുകയാകും കൂടുതല്‍ ഉചിതം. കുട്ടന്റെ അപ്രത്യക്ഷനാകുന്ന അച്ഛന്‍ ഗോവയിലെത്തി അടിച്ചുപൊളി ജിവിതം നയിക്കുന്നതായി തിരിച്ചറിയുമ്പോള്‍ കളളന്‍ എന്ന മട്ടിലുളള കുട്ടന്റെ ഭാവപ്രകടനവും വായിക്കേണ്ടതുണ്ട്. ഒളിജീവിതത്തിന്റെ ഗോവയാണ് കേരളത്തിന്റെ മറ്റൊരു മനസ്. സ്നേഹിതയുടെ ഊരുചുറ്റലിനെ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ തന്റെ ഭാവിവധു അടങ്ങിയൊതുങ്ങി കഴിയുന്നവളായ ശാലീനകളാകണമെന്നും കരുതുന്ന യുവാക്കളെ തുറന്നു കാട്ടുന്നതിന് കുട്ടന്‍ എന്ന കഥാപാത്രത്തിന് കഴി‍ഞ്ഞിട്ടുണ്ട്. എയര്‍ഹോസ്റ്റസായ മീനാക്ഷി മോശം പെണ്ണാണ് എന്ന ധ്വനി സിനിമകണ്ടിറങ്ങുന്നവരുടെ സംഭാഷണത്തില്‍ കേട്ടു.അവളോടാപ്പം രാവു പങ്കിട്ട കുട്ടന്‍ അത്ര മോശവുമല്ല.!? തിന്മയുടേയും നന്മയുടേയും കാര്യത്തില്‍ അവള്‍ക്ക് ബാധകമായതെല്ലാം അവനും ബാധകമാണ് എന്നു വിലയിരുത്താന്‍ കഴിയണമായിരുന്നു
ശാന്തേച്ചി
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ശാന്ത എന്ന പേരിടാറില്ല. ആ പേരില്‍ പെണ്ണിനെ അടയാളപ്പെടുത്തുന്നുണ്ട്."കുളികഴിഞ്ഞീറന്‍ പകര്‍ന്ന് വാര്‍കൂന്തല്‍ കോതി വകഞ്ഞു പുറകോട്ടു വാരിയിട്ടാ, വളക്കൈകള്‍ മെല്ലെയിളക്കി,ഉദാസീന ഭാവത്തിലാ കണ്ണിണയെഴുതി,ഇളകുമാ ചില്ലികള്‍ വീണ്ടും കറുപ്പിച്ച്
നെറ്റിയലഞ്ജനം ചാര്‍ത്തി,വിടരുന്ന പുഞ്ചിരിനാളം കൊളുത്തി വരുന്ന" ശാന്തയെ കവി അവതരിപ്പിച്ചിട്ടുണ്ട്.ഈ ശാന്ത സങ്കല്പത്തെ രൗദ്ര സങ്കല്പത്തിലേക്ക് പരിവര്‍ത്തിപ്പിച്ച രചനകളും നാം വായിക്കുന്നു. ഈ സിനിമയിലും ശാന്തയുണ്ട്. നാട്ടിലെ ശാന്ത ശാന്ത. നഗരത്തിലെത്തിയ ശാന്ത ജീവിതമാകെ തന്നിഷ്ടപ്രകാരമാക്കുന്നു. ഭര്‍ത്താവ് ഒളിച്ചോടി.( ആ പ്രയോഗം സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണോ ചേരുക?) പോയവനെ ഒര്‍ത്തും കാത്തും കണ്ണീര്‍ വാര്‍ത്തും ജീവിക്കുന്ന പെണ്ണല്ല ശാന്തേച്ചി. അവള്‍ തന്റെ ജീവിതത്തിനു സ്വയം നിറം നല്‍കാന്‍ തീരുമാനിക്കുന്നു. വേഷത്തിലും ആധുനിക ജീവിത ശൈലിയിലുമെല്ലാം വിപ്ലവകരമായ മാറ്റം. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകന്‍ അടുക്കളയില്‍ നോക്കയിപ്പോള്‍ ഒന്നും പാകം ചെയ്തിട്ടില്ല. ചീട്ടുകളിക്കിടയില്‍ സമയം കിട്ടിയില്ലെന്നമ്മയുടെ മറുപടി. ആ ഹോട്ടലുകളില്‍ ഓര്‍ഡര്‍ ചെയ്തു വരുത്താനാണ് നിര്‍ദ്ദേശം. തമാശക്കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന കല്പന ഈ കഥാപാത്രത്തെ ചെയ്തതിനാല്‍ ഇത്തരം പ്രഖ്യാപനങ്ങളെ തമാശയായി ചിരിച്ചു തളളാനാണ് അധികം പേരും ശ്രമിക്കുക.ആരാണ് പാകം ചെയ്യേണ്ടത്? വിനോദവാസരങ്ങളെ ബലികഴിക്കേണ്ടത്? വീടിനകത്തെ തൊഴില്‍ വിഭജനത്തിന്റെ മേലുളള കൊട്ടലുകള്‍ നാം കേള്‍ക്കുന്നു കാണുന്നു.പുതിയൊരു ഭവനസംസ്കാരം രൂപപ്പെടേണ്ടതുണ്ട്. അത് ജനാധിപത്യപരമായ സാധ്യതകളിലേക്ക് വികസിപ്പിച്ചില്ലെങ്കില്‍ മാധ്യമപ്രലോഭനങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം എന്ന തിരിച്ചറിവും ഈ സിനമയുടെ വായന നല്‍കുന്നു.
ഈ സിനിമ എല്ലാ ചേരുവകളുളളതാണ്. എന്നാല്‍ ചില വിശകലനാത്മക ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിടുന്നു.കല്യാണമണ്ഡപത്തില്‍ സുഗന്ധം പൂശിയെത്തേണ്ട പെണ്ണിനെ സിഗരറ്റ് മണക്കുന്നത് അസഹ്യമാകുന്നത് സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരമായതുകൊണ്ടാണെങ്കില്‍ കുഴപ്പമില്ല. അല്ലാതെ..? പലരീതികളില്‍ മാധ്യമവായന നടത്താനുളളളള ശേഷി വര്‍ദ്ധിപ്പിക്കണം .
"രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്"
"രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്"എന്ന മുദ്രാവാക്യത്തെ സമൂഹചര്‍ച്ചയിലേക്ക് ഉയര്‍ത്തികൊണ്ടുവരണം. അത് എതുവിധത്തിലാകണമെന്ന് എല്ലാ പ്രസ്ഥാനങ്ങളും ആലോചിക്കണം. ഉപഭോഗാസക്തിയും ചാനല്‍പ്രഭയുടെ ആശിര്‍വാദങ്ങളും കമ്പോളപ്രിയതയും തുറന്നിടുന്ന രാത്രികളേയും തെരുവകളേയും അല്ല വേണ്ടതെന്ന ചിന്ത യുതലമുറയിലേക്ക് പകരാന്‍ ബാംഗ്ലൂര്‍ ഡേയ്സിനു കഴിയുന്നില്ല. എങ്കിലും ആണ്‍ പെണ്‍ സൗഹൃദത്തിന്റെ കളങ്കരഹിത ചിത്രങ്ങള്‍ കാട്ടിത്തരുന്നുണ്ടെന്നതിനെ കാണാതെ പോവുകയുമരുത്.